ഭിന്നശേഷിമൂലം സാമ്പത്തിക ക്ലേശമനുഭവിക്കുന്നവരുടെ പെണ്‍മക്കളെയും/ ഭിന്നശേഷിയുള്ള പെണ്‍കുട്ടികളെയും നിയമാനുസൃതം വിവാഹം ചെയ്തയയ്ക്കുന്നതിനുള്ള ചിലവിലേയ്ക്കായി സാമ്പത്തിക സഹായം നല്‍കുക എന്നുള്ളതാണ് സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പിലാക്കുന്ന പരിണയം പദ്ധതിയുടെ ലക്ഷ്യവും ഉദ്ദേശവും. ഗുണഭോക്താക്കള്‍ക്ക് ഒറ്റ തവണ ധനസഹായമായി 30,000/ രൂപ വിതരണം ചെയ്യുന്നു.
അര്‍ഹത നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍
(a) അപേക്ഷകരായ ഭിന്നശേഷിയുള്ള വ്യക്തിയുടെ കുടുംബത്തിന്‍റെയും എല്ലാ ഇനത്തിലും കൂടിയുള്ള മൊത്തവരുമാനം 1,00,000/- രൂപയില്‍ കൂടാന്‍ പാടില്ല.
(b) 2 പെണ്‍മക്കളുടെ വിവാഹത്തിന് ധനസഹായ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ആദ്യത്തെ ധനസഹായം അനുവദിച്ച് കഴിഞ്ഞ് ചുരുങ്ങിയത് 3 വര്‍ഷത്തിന് ശേഷം മാത്രമേ രണ്ടാമത്തെ കുട്ടിയുടെ ധനസഹായ അപേക്ഷ സമര്‍പ്പിക്കാന്‍ പാടുള്ളൂ. 3 വര്‍ഷം എന്നത് ഇളവ് ചെയ്യുന്നതിനുള്ള അധിക്കാരം സാമൂഹ്യക്ഷേമ ഡയറക്ടറില്‍ നിക്ഷിപ്തമായിരിക്കും.
(c) ധനസഹായത്തിന് അപേക്ഷിക്കുന്ന ദിവസം വിവാഹം ചെയ്ത് അയയ്ക്കാന്‍ നിര്‍ദ്ദേശിക്കുന്ന പെണ്‍കുട്ടിയ്ക്ക് 18 വയസ്സ് പൂര്‍ത്തിയായിരിക്കണം.
(d) ഈ നിബന്ധനകള്‍ അനുസരിച്ചുള്ള സഹായധനം ഒരിക്കല്‍ ലഭിച്ചു കഴിഞ്ഞതിന് ശേഷം ഏതെങ്കിലും കാരണവശാല്‍ നിലവിലുള്ള നിയമപ്രകാരം വിവാഹബന്ധം വേര്‍പെടുത്തേണ്ടിവരുകയും രണ്ടാമത് വിവാഹം അതേ പെണ്‍കുട്ടിയ്ക്ക് കഴിക്കേണ്ടിവരികയും ആണെങ്കില്‍ അത്തരത്തിലുള്ള രണ്ടാം വിവാഹത്തിനും സഹായധനം നല്‍കാവുന്നതാണ്. അങ്ങനെവരുമ്പോള്‍ മുന്‍ഭര്‍ത്താവില്‍ നിന്നും ലഭിക്കുന്ന കോമ്പന്‍സേഷനോ സംരക്ഷണചെലവോ കൂടി കണക്കിലെടുത്ത്കൊണ്ടാവണം കുടുംബവാര്‍ഷിക വരുമാനം കണക്കാക്കേണ്ടത്.
(e) അപേക്ഷകനായ ഭിന്നശേഷിക്കാരന്‍ പെണ്‍മക്കളുടെ വിവാഹത്തിന് മുമ്പേ മരിച്ചുപോകുകയാണെങ്കില്‍ ആ കുടുംബത്തിലെ മൂത്ത അംഗത്തിനോ വിവാഹം നടത്തിക്കേണ്ട ചുമതലയുള്ള കുടുംബത്തിലെ മറ്റ് ഏതെങ്കിലും അംഗത്തിനോ പ്രസ്തുത ധനസഹായം ഈടിന്മേല്‍ നല്‍കാവുന്നതാണ്. കുടുംബത്തില്‍ മറ്റ് അംഗങ്ങള്‍ ആരുംതന്നെ ഇല്ലാത്തപക്ഷം വിവാഹം നടത്തികൊടുക്കുന്നതിന് മുമ്പോട്ട് വരുന്നവര്‍ക്ക് തക്കതായ ഈടിന്മേല്‍ സഹായധനം നല്‍കാവുന്നതാണ്. ഇത് സംബന്ധിച്ച് വിവാഹിതയാകേണ്ട പെണ്‍കുട്ടിയുടെ സമ്മതപത്രം കൂടി ആവശ്യമാണ്.
(f) അപേക്ഷകനായ ഭിന്നശേഷിക്കാരന്‍ തന്‍റെ മകളുടെ വിവാഹത്തിന് ശേഷം എന്നാല്‍ ധനസഹായം ലഭിക്കുന്നതിന് മുമ്പ് മരിച്ചുപോകുകയാണെങ്കില്‍ കുടുംബത്തിലെ മൂത്ത അംഗത്തിനോ വിവാഹം നടത്തികൊടുത്ത അംഗത്തിനോ വ്യക്തിക്കോ തക്കതായ ഈടിന്മേല്‍ ധനസഹായം നല്‍കാവുന്നതാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ മേല്‍ പറഞ്ഞ കുടുംബാംഗം/വ്യക്തി ധനസഹായം വാങ്ങുന്നതിന് ഉത്തരവാദിത്തപ്പെട്ട ആളാണെന്ന് വികലാംഗന്‍റെ മകളും വിവാഹിതയുമായ സ്ത്രീ ഒരു സാക്ഷ്യപത്രം നല്‍കേണ്ടതാണ്.
വീശദീകരണം:- ഭിന്നശേഷിയുള്ള വ്യക്തി സ്ഥിരബുദ്ധി ഇല്ലാത്ത വ്യക്തിയാണെങ്കില്‍ പെണ്‍കുട്ടിയുടെ കുടുംബത്തിലെ വിവാഹം നടത്തിയ്ക്കുവാന്‍ ഉതരവാദിത്തപ്പെട്ട മറ്റൊരു വ്യക്തിയ്ക്ക് ധനസഹായത്തിന് അപേക്ഷിക്കാവുന്നതും തക്കതായ ഈടിന്മേല്‍ ധനസഹായം സ്വീകരിയ്ക്കാവുന്നതാണ്. ഭിന്നശേഷിയുള്ള വ്യക്തി സ്ഥിരബുദ്ധിയില്ലായെന്നതിന് മെഡിക്കല്‍ ബോര്‍ഡിന്‍റെ സാക്ഷ്യപത്രം ആവശ്യമാണ്.
അപേക്ഷിക്കേണ്ട വിധം
(1) പദ്ധതി പ്രകാരമുള്ള ധനസഹായം ആവശ്യമുള്ള വികലാംഗര്‍ ഈ നിബന്ധനകള്‍ക്ക് അനുബന്ധമായി ചേര്‍ത്തിരിക്കുന്ന അപേക്ഷാ ഫോറത്തില്‍ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
(2) വിവാഹത്തിന് നിശ്ചയിച്ചിട്ടുള്ള തീയതിയ്ക്ക് ഏറ്റവും കുറഞ്ഞത് ഒരു മാസത്തിന് മുംബെങ്കിലും അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.വിശദീകരണം:- എന്നാല്‍ വധു മുസ്ലിം സമുദായാംഗം ആണെങ്കില്‍ നിക്കാഹ് എന്ന മതാചാരപ്രകാരമുള്ള ചടങ്ങിന് ശേഷം നടക്കുന്ന കല്യാണത്തിന്‍റെ തീയതിയാണ് അപേക്ഷയുടെ കാലാവധി നിശ്ചയിക്കുന്നതിന് കണക്കാക്കേണ്ടത്.
അപേക്ഷയോടൊപ്പം ഹാജരാക്കേണ്ട രേഖകള്‍
1. റേഷന്‍ കാര്‍ഡിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്.
2. വികലാംഗര്‍ക്കുള്ള ഐഡന്‍റിറ്റി കാര്‍ഡ്.
3. വധു വികലാംഗനായ അപേക്ഷകന്റെ മകളാണെന്ന് തെളിയിക്കുന്ന ജനന സര്‍ട്ടിഫിക്കറ്റ് കോര്‍പ്പറേഷന്‍ / മുന്‍സിപ്പാലിറ്റി/ പഞ്ചായത്തില്‍ നിന്നും ഹാജരാക്കണം.
4. അപേക്ഷകന്റെ വരുമാനത്തെ സംബന്ധിച്ച ബന്ധപ്പെട്ട വില്ലേജ് ഓഫീസറില്‍ നിന്നും ലഭിച്ച വരുമാന സര്‍ട്ടിഫിക്കറ്റ്.
5. വിവാഹം കഴിച്ചയയ്ക്കാന്‍ ഉദ്ദേശിക്കുന്ന പെണ്‍കുട്ടിയുടെ ജനനതീയതി തെളിയിക്കുന്നതിന് സ്കൂള്‍ അഡ്മിഷന്‍ രജിസ്റ്ററിന്റെയോ, സ്കൂള്‍ സര്‍ട്ടിഫിക്കറ്റിന്റെയോ പകര്‍പ്പോ ബന്ധപ്പെട്ട ജനനമരണ രജിസ്റ്ററില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റോ.
ടാർജെറ്റ് ഗ്രൂപ്പ്
ഭിന്നശേഷിക്കാര്‍ |